പണത്തെച്ചൊല്ലി ടാക്സി കാറില്‍ അടിപിടി; ദുബായില്‍ യുവാവും ലൈംഗിക തൊഴിലാളിയും അറസ്റ്റില്‍

പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാറില്‍ വെച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ യുവാവിനെയും ലൈംഗിക തൊഴിലാളിയായ യുവതിയെയും കോടതിയില്‍ ഹാജരാക്കി. തന്റെ പണവും മൊബൈല്‍ ഫോണും യുവാവ് മോഷ്ടിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. 25കാരനായ സൗദി പൗരനും 21 വയസുള്ള മൊറോക്കന്‍ പൗരയായ യുവതിയുമാണ് അറസ്റ്റിലായത്.

ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാറില്‍ വെച്ച് യുവാവ് തന്നെ മര്‍ദിക്കുകയും തന്റെ ഫോണും പണവും പിടിച്ചുവാങ്ങുകയും ചെയ്തതായി യുവതി ആരോപിച്ചു. ലൈംഗിക തൊഴിലിലേര്‍പ്പെട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ടാക്സി ഡ്രൈവര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ തനിക്ക് യുവാവിനെ അറിയില്ലെന്നും തന്റെ അനുവാദമില്ലാതെ തനിക്കൊപ്പം ഇയാള്‍ കാറില്‍ കയറുകയായിരുന്നുവെന്നുമാണ് യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്. കാറില്‍വെച്ച് തന്നെ കടന്നുപിടിച്ച ശേഷം താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ ഡ്രൈവറോട് ഇയാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. എന്നാല്‍ ഇരുവരും നേരത്തെ തന്നെ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് മനസിലായി.

യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താന്‍ 2000 ദിര്‍ഹം നല്‍കിയെന്ന് ഇയാള്‍ അവകാശപ്പെട്ടു. കാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പണം തിരികെ വാങ്ങാന്‍ ശ്രമിച്ചു. ഇത് കിട്ടാതെ വന്നപ്പോള്‍ 500 ദിര്‍ഹവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തിയപ്പോള്‍, ടാക്സി ഡ്രൈവറായിരുന്ന പാകിസ്ഥാനി പൗരനാണ് പൊലീസിനെ അറിയിച്ചത്. ഇരുവരും മദ്യലഹരിയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.