തൊഴിലാളികൾക്ക് ആശ്വാസമായി നയതന്ത്ര കാര്യാലയം ; ശമ്പളം വൈകിയാൽ ഇടപെടുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും

ശമ്പളം വൈകിയാൽ ഇടപെടുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും. വേതനം വൈകിയാൽ ആ വിവരം അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ ഏതെങ്കിലും കമ്പനി ഉടമ ഇന്ത്യൻ പൗരന്മാർക്ക് ശമ്പളം നൽകാൻ വൈകുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് നയതന്ത്ര കാര്യാലയം നിർദേശിച്ചു.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ ഇതു സംബന്ധിച്ച് ഇന്ത്യൻ അധികൃതർ അറിയിപ്പ് പ്രസിദ്ധീകരിച്ചു. രണ്ടിടങ്ങളിലെയും ഇ മെയിൽ ഐഡിയിലേയ്ക്കാണ് എല്ലാ വിവരങ്ങളും സഹിതം പരാതി അയക്കേണ്ടത്. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം ഇന്ത്യക്കാരോട് വെളിപ്പെടുത്തിയത്. നിർദേശം പോസ്റ്റ് ചെയ്ത ഉടൻ ഒട്ടേറെ ഇന്ത്യക്കാർ തങ്ങളുടെ പരാതിയുമായി മുന്നോട്ടു വന്നു. ഇവർക്കെല്ലാം നയതന്ത്ര ഉദ്യോഗസ്ഥർ കൃത്യമായി മറുപടി നൽകി. തുടർ നടപടികൾ സംബന്ധിച്ച മാർഗ നിർദേശങ്ങളും കൈമാറുന്നുണ്ട്.

അതിനിടെ വ്യാജ വിസയിൽ വന്ന് കുടുങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായ സൂചനയും എംബസി നൽകുന്നു. പലവിധ വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെട്ടവരുടെ പ്രതികരണങ്ങളും എംബസി പങ്കുവെച്ചു. ഇന്ത്യയിലെ വ്യാജ റിക്രൂട്ടിങ് ഏജൻസികൾ നടത്തുന്ന ജോലി തട്ടിപ്പിനെതിരെ ഇന്ത്യൻ അധികൃതർ അടുത്തിടെ മുന്നറിയിപ്പ് നൽകിയതാണ്.