എണ്ണ കപ്പലുകൾക്കു നേരെ നടന്ന ആക്രമണ നീക്കത്തെ അറബ് ലോകം അപലപിച്ചു

എണ്ണക്കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്അറബ് ലോകം. ഗൾഫിൽ നിന്നുള്ള എണ്ണയിൽ നല്ലൊരു പങ്കും കടന്നു പോകുന്ന ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും വിവിധ രാജ്യങ്ങൾ ഉന്നയിച്ചു. സംഭവത്തിനു പിന്നിലുള്ള യഥാർഥ പ്രതികളുടെ ചിത്രം പുറത്തു കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്.തങ്ങളുടെ രണ്ട് എണ്ണ കപ്പലുകൾക്കു നേരെ ആക്രമണ നീക്കം നടന്നതായി സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി തിങ്കളാഴ്ച രാവിലെയാണ് റിപ്പോർട്ട് ചെയ്തത്.

യുഎഇ പറഞ്ഞ നാലു കപ്പലുകളിലെ രണ്ടെണ്ണമാണോ സൗദിയുടേതെന്നു വ്യക്തമല്ല. സൗദിയിലെ റാസ് തനൂര തുറമുഖത്തുനിന്നു ക്രൂഡ് ഓയിലുമായി യുഎസിലേക്കു പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആളപായം ഉണ്ടായിട്ടില്ലെന്നും എണ്ണ കടലിൽ വീണിട്ടില്ലെന്നും സൗദിയും സ്ഥിരീകരിച്ചു. എന്നാൽ ഇരു കപ്പലുകൾക്കും കാര്യമായ തകരാർ പറ്റിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും ഇവയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല.എണ്ണവിതരണം നടത്തുന്നതിന്റെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതിനൊപ്പം സമുദ്ര സഞ്ചാരത്തിന്‍റെ സ്വാതന്ത്ര്യം കുറച്ചുകാണിക്കാനുമാണ് ഈ നടപടി ഉപകരിക്കുകയെന്നു സൗദി ഊർജ മന്ത്രി ഖലീദ് അൽ ഫാലി വ്യക്തമാക്കി. യുഎസുമായുള്ള സൈനിക പ്രശ്നങ്ങൾ പരിധിവിട്ടാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന്നേരെത്ത ഇറാൻ ഭീഷണി ഉയർത്തിയിരുന്നു. ജി.സി.സി നേതൃത്വവും അറബ് രാജ്യങ്ങളും ശക്തമായാണ് അട്ടിമറി നീക്കത്തിനെതിരെ രംഗത്തു വന്നത്.