ഉച്ചസമയ പുറം ജോലിക്ക് കുവൈത്തിൽ വിലക്ക്

കുവെെത്ത് സിറ്റി: ജൂൺ ഒന്ന് മുതൽ ഉച്ചസമയ പുറം ജോലിക്ക് കുവൈത്തിൽ വിലക്ക്. വേനൽ കടുത്തതോടെയാണ് മാനവ വിഭവശേഷി വകുപ്പ് ഉത്തരവിറക്കിയത്. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് അഞ്ച് വരെയാണ് തുറന്ന സ്ഥലങ്ങളിലെ ജോലിക്ക് വിലക്ക്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു മാൻ പവർ അതോറിറ്റി മുന്നറിയിപ് നൽകി. കനത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാതാപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നതെന്നു മാൻപവർ അതോറിറ്റി അറിയിച്ചു.

വിലക്ക് കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം നടപ്പാക്കിയില്ലെങ്കിൽ ആദ്യം നോട്ടീസും ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 കുവൈത്ത് ദിനാർ എന്ന നിലയിൽ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ നിയമം ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കും. ഉച്ച സമയത്ത് നൽകുന്ന വിശ്രമസമയനഷ്ടം മറികടക്കാൻ രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യാം. വ്യവസായ മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനയും ഉണ്ടാകും.