റമദാന്‍ അവസാന പത്തില്‍ പുണ്യ നഗരികളിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്

മക്ക: വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലും വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. ഹറമുകളില്‍ പ്രാര്‍ത്ഥനകള്‍ക്കും രാത്രിയിലെ പ്രത്യേക നമസ്‌കാരങ്ങള്‍ക്കുമായി ലക്ഷകണക്കിന് വിശ്വാസികളാണ് ഹറമുകളിലേക്കെത്തുന്നത്. പാപ മോചനത്തിന്റെ ദിനങ്ങളായി കരുതുന്ന അവസാനത്തെ ഒറ്റയിട്ട രാവുകളിലെ ശ്രേഷ്ഠതയും പുണ്യവും നുകരാന്‍ മക്കയിലും മദീനയിലും ലക്ഷ്യമാക്കി ഒഴുകുന്ന തീര്‍ഥാടകരെ മുന്നില്‍ കണ്ട് അധികൃതര്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പുറമെ സ്വദേശികളും പുണ്യനഗരി ലക്ഷ്യമാക്കിയാണ് എത്തിച്ചേരുന്നത്. അടുത്ത ദിവസങ്ങളില്‍ വിവിധ ഓഫീസുകളും സര്‍ക്കാര്‍ ഓഫീസുകളും അടക്കുന്നതോടെ ആഭ്യന്തര തീര്‍ത്ഥാടകരുടെ തിരക്ക് വീണ്ടും വര്‍ദ്ധിക്കും.

തിരക്ക് പരിഗണിച്ച് നോമ്പ് 23 മുതല്‍ മക്കയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയില്ല. വാഹനത്തില്‍ എത്തുന്നവര്‍ മക്കക്ക് സമീപം പാര്‍ക്ക് ചെയ്തു മക്കയിലെ ചെറിയ ടാക്സി കാറുകളെ ആശ്രയിക്കേണ്ടി വരും. പ്രവാചകചര്യ പിന്‍പറ്റി റമദാനിലെ അവാസന പത്ത് ദിവസത്തെ ഇഅ്തികാഫിനായി മക്കയിലും ഇതിനകം മദീനയിലും നിരവിധി പേര്‍ എത്തിയിട്ടുണ്ട്. പ്രത്യേകം സ്ഥലങ്ങളും ഇതിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ താഴ്ഭാഗത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളില്‍ അരലക്ഷത്തോളം വിശ്വാസികള്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനകളോടെ കഴിച്ചുകൂട്ടുന്നുണ്ട്. നേരത്തെ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് സൗകര്യങ്ങളേര്‍പ്പെടുത്തിയത്. ഇഹ്‌റാം വസ്ത്രം, മുസല്ല, തലയിണ, ബെഡ്ഷീറ്റ്, സോപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത വിശ്വാസികള്‍ക്ക് വിതരണം ചെയ്തു.

വിശ്വാസ ലക്ഷങ്ങള്‍ എത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരു ഹറമുകളും ലക്ഷ്യമാക്കി കര, വ്യോമ പ്രവേശന കവാടങ്ങളില്‍ തിരക്ക് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ പോകേണ്ട എല്ലാ വഴികളിലും അതാത് ഗവര്‍ണറേറ്റ്കള്‍ക്കിടയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുകയും അതെല്ലാം അധികൃതര്‍ വിശകലനം ചെയ്യുകയും ചെയ്തു. മീഖാത്തുകളിലും സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അവസാന പത്തിലേക്ക് ഹറാമിന് ചുറ്റും ഹോട്ടലുകളില്‍ റൂമുകള്‍ തന്നെ കിട്ടാനില്ലെന്നു ഏതാനും ദിവസം മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വിശ്രമിക്കുന്നതിനായി പ്രത്യേകമായ സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് നോമ്പ് തുറക്ക് പുറമെ അത്താഴവും ഒരുക്കിയിട്ടുണ്ട്. സാധനങ്ങള്‍ സൂക്ഷിക്കാനായി ലോക്കറുകളും അനുവദിച്ചിട്ടുണ്ട്. ഹറമുകളില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടൊപ്പം സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.