ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബൂദാബിയെന്ന് ഗ്ലോബൽ ഡേറ്റ വെബ്‌സൈറ്റായ നംബിയോ

അബൂദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബൂദാബി. തുടർച്ചയായി മൂന്നാം തവണയാണ് നഗരം ഈ നേട്ടം സ്വന്തമാക്കുന്നത്. 330 നഗരങ്ങളിൽ നിന്നാണ് അബൂദാബിയെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഗ്ലോബൽ ഡേറ്റ വെബ്‌സൈറ്റായ നംബിയോ അബൂദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്. പട്ടികയിൽ കഴിഞ്ഞ തവണ 11ാം സ്ഥാനത്തായിരുന്ന ദുബെയ് ഇത്തവണ ആദ്യപത്തിൽ ഇടം നേടി ആറാം സ്ഥാനത്താണ്. ഖത്തറിലെ ദോഹ നഗരമാണ് സുരക്ഷയിൽ രണ്ടാം സ്ഥാനത്തുള്ളത്. കാനഡയിലെ ക്യുബെക് സിറ്റി മൂന്നാം സ്ഥാനത്തും തായ്‌വാനിലെ തായ്‌പെയ് നാലാം സ്ഥാനത്തും ജർമ്മനിയിലെ മ്യൂണിച്ച് അഞ്ചാം സ്ഥാനത്തുമാണ്. 10.61 ശതമാനമാണ് ആബൂദാബിയിലെ കുറ്റകൃത്യ സൂചിക. വെനസ്വേലയിലെ കാരക്കാസ്, പീറ്റർമാരിറ്റ്‌സ്ബർഗ്,പപ്പുവ ന്യൂ ഗിനിയ, ഹോണ്ുറസിലെ സാൻ പെഡ്രോ സുല, ദക്ഷിണാഫ്രിക്കൻ നഗരമായ പ്രിട്ടോറിയ എന്നിവയാണ് ലോകത്ത് ഏറ്റവുമധികം കുറ്റകൃത്യം നടക്കുന്ന നഗരങ്ങൾ.