പ്ലാസ്റ്റിക് രഹിത രാജ്യമാകാനൊരുങ്ങി ബഹ്‌റൈനും

ബഹ്റൈനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം നിലവിൽ വന്നു. രാജ്യത്തെ വ്യപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം നിയമം കർശനമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പ്ളാസ്റ്റിക് ബാഗുകളുടെ നിരോധനത്തിൻ്റെ ആദ്യഘട്ടത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗമാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. ഷോപിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലെല്ലാം ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കിയിട്ടുണ്ട്.

നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിനും ജൈവീകമല്ലാത്ത പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നതിനും ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള 2018ലെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിെൻെറ വെളിച്ചത്തിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഒറ്റയടിക്ക് പ്ലാസ്റ്റിക് നിരോധിക്കുകയല്ല, മറിച്ച് ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടുവരികയാണ് ചെയ്യുക. ജീർണ്ണിച്ച് പോകാത്ത പ്ലാസ്റ്റിക് ബാഗുകൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. റീസൈക്ലിങ് ബിസിനസ്സുകളുടെ എണ്ണം വർധിപ്പിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനും അധിക്യതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.