ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇനി ഭർത്താക്കന്മാർക്കും ജോലി ചെയ്യാം; യു എ യിൽ പുതിയ നിയമം വരുന്നു

ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യു.എ.ഇയില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇനി പ്രത്യേക വര്‍ക്ക് പെര്‍മിറ്റിനു കീഴില്‍ ജോലിചെയ്യാം. മാനവശേഷി-സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് തീരുമാനം ഗുണകരമാകും.

ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് പ്രത്യേക വര്‍ക്ക് പെര്‍മിറ്റെടുത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. വിസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് സ്റ്റാമ്പ് ചെയ്യുമെങ്കില്‍ കൂടി മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയുടെ പുറത്ത് സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭര്‍ത്താക്കന്മാര്‍ക്കും ലഭ്യമാകും.

മാനവശേഷി സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭര്‍ത്താക്കന്മാരെ ജോലിക്കു വെയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അനുമതി നല്‍കി. നിയമപ്രകാരം വര്‍ക്ക് പെര്‍മിറ്റ് നല്‍കി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു.