യുഎഇ യിൽ ട്രേഡ്‌മാർക്ക്‌, പേറ്റന്റ്‌, കോപ്പിറൈറ്റ്‌ ഉൾപ്പെടുന്ന സാമ്പത്തിക മന്ത്രാലയത്തിന്‌ കീഴിലുള്ള റെജിസ്റ്ററേഷൻ സേവനങ്ങളുടെ ഫീസുകളിൽ കുറവ്‌‌ വരുത്തുകയും ഒഴിവാക്കുകയും ചെയ്തു

അബൂദാബി: യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്‌ കീഴിൽ വരുന്ന ട്രേഡ്‌മാർക്ക്‌, പേറ്റന്റ്‌, കോപ്പിറൈറ്റ്‌ എന്നിവയടക്കം നിരവധി റെജിസ്റ്ററേഷൻ സേവനങ്ങളുടെ ഫീസുകളിൽ ഇളവ്‌ വരുത്തുകയും പല സേവനങ്ങളുടെയും ഫീസുകൾ ഒഴിവാക്കുകയും ചെയ്തു. യുഎഇ വൈസ്‌ പ്രസിഡണ്ടും പ്രധാന മന്ത്രിയുമായ ഹിസ്‌ ഹൈനസ്‌ ഷേഖ്‌ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം ഒപ്പ്‌ വെച്ച കാബിനറ്റ്‌ റെസല്യൂഷൻ നമ്പർ 51/2019 എന്ന ഉത്തരവിലൂടെയാണ്‌ പുതുതായി കുറച്ചിട്ടുള്ള ഫീസുകളും ഒഴിവാക്കിയ ഫീസുകളും നിലവിൽ വന്നത്‌. ഉത്തരവ് പ്രകാരം 115 സേവനങ്ങൾക്കാണ്‌‌ ബാധകമാവുക, ഇതിൽ 61 പേറ്റന്റ്‌ റെജിസ്റ്ററേഷൻ, 15 ട്രേഡ്‌മാർക്ക് റെജിസ്റ്ററേഷൻ, 14 ഇൻഡസ്ട്രിയൽ ലൈസൻസ്‌, 9 കൊമേർസിയൽ റെജിസ്റ്ററേഷൻ, 9 ഓഡിറ്റിംഗ്‌ അക്കൗണ്ട്‌, 5 കൊമേർസിയൽ ഏജൻസീസ്, 2 ഇന്റലെക്ച്വൽ പ്രോപർട്ടി സെർവീസസ്‌ എന്നീ സേവനങ്ങളുടെ ഫീസുകളാണ്‌ ഉൾപ്പെടുന്നത്‌. ‌ റദ്ദാക്കിയ സേവനങ്ങളുടെ ഫീസ്‌ 100 മുതൽ 5000 ദിർഹംസ് വരെയാണ്‌‌.

യുഎഇ യിൽ വ്യാപാര രംഗത്ത്‌ പ്രവർത്തിക്കുന്ന മലയാളികളടക്കമുള്ള വിദേശികൾക്ക്‌ സന്തോഷം നല്‌കുന്ന വാർത്തയാണ്‌ പുറത്ത്‌ വന്നത്‌, പ്രത്യേകിച്ചും ചെറുകിട വ്യാപാരികൾ പോലും ബ്രാൻഡിംഗ്‌ ബിസിനസിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ്‌ ബ്രാൻഡ്‌ നെയിം റെജിസ്റ്ററേഷൻ നടത്താൻ ഉണ്ടായിരുന്ന ഫീസിൽ 33 ശതമാനത്തോളം കുറവ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഫീസിളവ്‌ മുതലെടുത്ത്‌ കൂടുതൽ പേർ സ്വന്തം ബ്രാൻഡ്‌ നെയിം റെജിസ്റ്ററേഷൻ നടത്താൻ മുന്നോട്ട്‌ വരുകയും ബിസിനസ്സിന്‌ കൂടുതൽ സുരക്ഷിതത്വം ഉറപ്പ്‌ വരുത്തുകയും ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വലിയ, ഇടത്തരം വ്യാപാരങ്ങളും ചെറുകിട സംരഭങ്ങളും നടത്തുന്ന തദ്ദേശിയർക്കും വിദേശീയരായ വ്യാപാര ഉടമകൾക്കും വ്യാപാര, നിക്ഷേപ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ചെലവ്‌ കുറയുമെന്നതിനാൽ പുതിയ ഭേദഗതികൾ രാജ്യത്തെ ബിസിനസ്‌ സമൂഹത്തിന്‌ ഉത്തേജനം നല്‌കുമെന്ന് സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സയീദ്‌ അൽ മൻസൂരി പറഞ്ഞു. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും യുഎഇയെ പ്രിയപ്പെട്ട നിക്ഷേപ രാഷ്ട്രമായി പ്രോത്സാഹിപ്പിക്കുന്നതിനും ഫെഡറൽ, പ്രാദേശിക സർക്കാരുകൾ തീരുമാനിച്ച നയങ്ങളുടെയും തീരുമാനങ്ങളുടെയും ഭാഗമായിട്ടാണ്‌ പുതിയ നീക്കം. അതുവഴി സാമ്പത്തിക വളർച്ചയെ പിന്തുണക്കുകയും ആഗോള മൽസര സൂചികകളിൽ റാങ്കിംഗ്‌ മുന്നേറ്റമുണ്ടാക്കുകയുമാണ്‌ യുഎഇ യുടെ ലക്ഷ്യം.

subair pallikkal