കുവൈത്തിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ വർധിപ്പിക്കണം; ലേബർ യൂണിയൻ

കുവൈത്തിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ വർധിപ്പിക്കണമെന്ന് ലേബർ യൂണിയൻ. പെരുന്നാൾ അവധിക്കും തൊട്ടടുത്ത വരാന്ത അവധിക്കും ഇടയിൽ വരുന്ന രണ്ടു ദിനങ്ങൾ കൂടി ഒഴിവു നൽകണമെന്നാണ് യൂണിയന്‍റെ ആവശ്യം. പ്രധാനമന്ത്രിക്ക് പ്രത്യേക അപേക്ഷ നൽകി ഇത് സാധ്യമാക്കാനുള്ള നീക്കത്തിലാണ് കുവൈത്ത് ലേബർ യൂണിയൻ.

ഈ മാസം പതിനൊന്നു മുതൽ പതിമൂന്നു വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ഇത്തവണത്തെ ബലിപെരുന്നാൾ അവധി .ഇതോടൊപ്പം ആഗസ്റ്റ് ഒമ്പത് പത്ത് തിയ്യതികളിലെ വാരാന്ത്യ അവധി കൂടി വരുന്നതോടെ ഫലത്തിൽ അഞ്ചു നാളുകൾ സർക്കാർ ഓഫീസുകളും ബാങ്കുകളും മറ്റും പ്രവർത്തിക്കില്ല.

പെരുന്നാൾ അവധിക്കു ശേഷം വരുന്ന ബുധനും വ്യാഴവും കൂടി കൂട്ടിയാൽ തുടർച്ചയായി ഒമ്പതു നാൾ ഒഴിവു ലഭിക്കും ഇക്കാര്യമാണ് തൊഴിലാളി യൂനിയൻ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിനോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ വിദേശയാത്ര ഉൾപ്പെടെയുള്ള കാര്യങ്ങൾ എളുപ്പമാകുമെന്നാണ് യൂണിയൻ ചൂണ്ടിക്കാട്ടുന്നത്.