ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്ക്ചേര്‍ന്ന് അബുദാബി രാജ്യാന്തര വിമാനത്താവളം

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്ക്ചേര്‍ന്ന് അബുദാബി രാജ്യാന്തര വിമാനത്താവളവും. ഇന്ത്യയില്‍ നിന്ന് എത്തിയ എല്ലാ യാത്രക്കാര്‍ക്കും സ്വീകരണമൊരുക്കിയാണ് അബുദാബി വിമാനത്താവളം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായത്. യാത്രക്കാരെ ഇന്ത്യയുടെ പതാകയും വര്‍ണ്ണബലൂണുകളും മധുരപലഹാരങ്ങളും നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. ഇന്ത്യക്കാര്‍ക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്ക് യു.എ.ഇ ഭരണാധികാരികള്‍ അഭിനന്ദനം അറിയിച്ചിരുന്നു.

യു. എ. ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് ആശംസ സന്ദേശമയച്ചു. യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും,യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂംമും രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസകള്‍ അറിയിച്ചു. ലോകത്ത് ഏറ്റവും അധികം യാത്രക്കാര്‍ വന്നുപോകുന്ന ദുബായ് വിമാനത്താവളം ഏറ്റവും അധികം ഉപയോഗിച്ചത് ഇന്ത്യക്കാര്‍ ആണെന്നുള്ള പ്രത്യേകതയും ഉണ്ട്.

ഈ വര്‍ഷം മാത്രം ഈ വിമാനത്താവളത്തിലൂടെ നാലുകോടി പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ സഞ്ചരിച്ചു. അതില്‍ 57 ലക്ഷം യാത്രക്കാര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്. എല്ലാ തവണയും സ്വാതന്ത്ര്യ ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാക പ്രദര്ശിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സാങ്കേതിക തകരാറു മൂലം അതിനു സാധിച്ചിരുന്നില്ല.