കുവൈറ്റിലെ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റില്‍ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്ബതികളുടെ മകളായ തീര്‍ത്ഥയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തീര്‍ത്ഥ. കുവൈറ്റിലെ അബ്ബാസിയയിലെ ഫ്ലാറ്റിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഈ സമയം കുട്ടി വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വരുന്ന കുട്ടിയുടെ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരാന്‍ പോയതായിരുന്നു പിതാവ്. തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടി ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.
ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാല്‍ മരണ കാരണം ഇതുവരെ വ്യക്തമല്ല . സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അബ്ബാസിയ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഫോറന്‍സിക് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാവു.