യൂസഫലി മാപ്പ് നല്‍കി; സൗദിയില്‍ അറസ്റ്റിലായ മലയാളിക്ക് മോചനം

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്കെതിരെ സഭ്യേതര ഭാഷയില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയ വ്യക്തിയെ യൂസഫലി ഇടപെട്ട് ജയില്‍മോചിതനാക്കി. ലുലു ഗ്രൂപ്പിന്റെ അഭ്യര്‍ഥനയെതുടര്‍ന്നാണ് പൊലീസ് കേസ് പിന്‍വലിച്ചത്. അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിയെ കുറിച്ച്‌ മോശം ഭാഷയില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയത്.

തുടര്‍ന്ന് ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്. പിന്നീട് ഇയാള്‍ സമൂഹമാധ്യമത്തില്‍ ക്ഷമാപണവുമായി എത്തി.വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ.

‘മോശം വാക്കുകള്‍ യൂസഫലിയെ കുറിച്ച്‌ ഫെയ്സ്ബുക്കില്‍ ഉപയോഗിച്ചു. എനിക്ക് തെറ്റ് പറ്റിപ്പോയി. ഈശ്വരനെ വിചാരിച്ച്‌ നിങ്ങളുടെ നല്ല മനസ്സുകൊണ്ട് എനിക്ക് മാപ്പുതരണം. ഇപ്പോ ഇവിടുത്തെ സര്‍ക്കാര്‍ നിയമമനുസരിച്ച്‌ എനിക്ക് ഡിപോര്‍ട്ടേഷന്‍ ആണ്. അതില്‍ നിന്നും എന്നെ രക്ഷിക്കണമെന്നു ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു. അങ്ങയുടെ നല്ല മനസ്സുകൊണ്ട് ഇതില്‍ നിന്നും ഞാന്‍ രക്ഷപ്പെടുന്നു. അങ്ങേയ്ക്കു ഈശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും ദീര്‍ഘായുസ്സും നല്‍കട്ടേ’- മലയാളി യുവാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.