ചാന്ദ്രയാന്‍ 2 ദൗത്യം ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നല്‍കിയതായി യു.എ.ഇ

സമ്പൂർണ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി ചാന്ദ്രയാന്‍ രണ്ട് ദൗത്യം ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നല്‍കിയതായി യു.എ.ഇ. . യു.എ.ഇ-യുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഇന്ത്യ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചന്ദ്രയാന്‍-2 ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ദൗത്യം സമ്ബൂര്‍ണ വിജയം നേടിയില്ലെങ്കിലും മികച്ച ചുവടുവെപ്പാണെന്ന് യു.എ.ഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അഹ്ബാബി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യക്കൊപ്പം യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും താല്‍പര്യപൂര്‍വമാണ് ചാന്ദ്രയാന്‍ ദൗത്യത്തെ നോക്കി കണ്ടത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയെ ഒപ്പം ചേര്‍ത്ത് ആരും ഇതുവരെ ഇറങ്ങാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവ പ്രദേശത്ത് പര്യവേക്ഷണം നടത്താനുള്ള നീക്കത്തിലൂടെ മുന്‍ ദൗത്യങ്ങളെ മറികടക്കുന്ന സാങ്കേതിക കുതിപ്പാണ് ചന്ദ്രയാന്‍-2 നടത്തിയത്.

ജൂലൈ 22-ന് നടന്ന വിക്ഷേപണം മുതല്‍ ചന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഓരോ ഘട്ടത്തിന്‍റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവന്‍ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. ദൗത്യത്തെ പരാജയമായി കാണാന്‍ പറ്റില്ലെന്ന് മുഹമ്മദ് അല്‍ അഹ്ബാബി പറഞ്ഞു.