ദുബായില്‍ സ്കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച്‌ 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

ദുബായ്: സ്കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച്‌ 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. അല്‍ റെബാത് റോഡിലേക്കുള്ള ക്രോസിങില്‍ ബിസിനസ് ബേയിലായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ സ്കൂള്‍ ബസ്, വാട്ടര്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് ദീര്‍ഘനേരം ഗതാഗതക്കുരുക്കുണ്ടായി. തുടര്‍ന്ന് മറ്റ് വഴികളിലൂടെ യാത്ര ചെയ്യണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. അപകടത്തില്‍ പെട്ട രണ്ട് വാഹനങ്ങളും പിന്നീട് സ്ഥലത്തുനിന്ന് പൊലീസ് നീക്കം ചെയ്തു.