സെപ്റ്റംബര്‍ 19 മുതല്‍ അഞ്ച് ദിവസം മെഗാ ഓഫറുകളുമായി വിമാനക്കമ്പനികൾ

 സെപ്റ്റംബര്‍ 19 മുതല്‍ അഞ്ച് ദിവസം മെഗാ ഓഫറുകളുമായി വിമാനകമ്ബനികള്‍. സൗദി ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് കിടിലന്‍ ഓഫറുകളുമായി സൗദിയിലെ വിമാനകമ്ബനികള്‍ രംഗത്തെത്തിയത്. ഫ്ളൈനാസ് ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 49 റിയാല്‍ മുതലും, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതലുമാണ് ചാര്‍ജ് ഈടാക്കുന്നത്. മുഴുവന്‍ ബുക്കിംഗുകള്‍ക്കും 20 ശതമാനം ഇളവുമായി സൗദി എയര്‍ലൈന്‍സും രംഗത്തുണ്ട്. സെപ്തംബര്‍ 23-നാണ് സൗദിയുടെ ദേശീയ ദിനാഘോഷം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഫ്ളൈനാസിന്‍റെ ആനുകൂല്യം ലഭിക്കുക. ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ 18 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

വ്യാഴം, ശനി ദിവസങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എക്കണോമി ക്ലാസുകളില്‍ നേരിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ഫ്ളൈനാസിന്‍റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് 49 റിയാല്‍ മുതല്‍ 299 റിയാല്‍ വരെയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതല്‍ 609 റിയാല്‍ വരെ മാത്രമേ വണ്‍വേ യാത്രയ്ക്ക് ഈടാക്കുന്നുള്ളു.