ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ദോഹയിൽ നാളെ തുടക്കം; പ്രതീക്ഷയോടെ ഇന്ത്യന്‍ താരങ്ങള്‍

പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച വൈകീട്ട് ദോഹയില്‍ തുടക്കമാകും . പത്തുദിവസം നീളുന്ന കായിക മത്സരത്തില്‍ 209 രാജ്യങ്ങളില്‍ നിന്ന് 1,928 അത്‌ലറ്റുകൾ പങ്കെടുക്കും. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി ഏഴിന് പുരുഷന്‍മാരുടെ ലോങ് ജമ്ബോടെയാണ് മത്സരം തുടങ്ങുക . ആദ്യ ഇനമായ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കര്‍ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങും.

2003 പാരീസില്‍ വനിതാ ലോങ് ജംപിൽ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലം മാത്രമാണ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒരേയൊരു മെഡല്‍. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദോഹയിലെത്തുമ്ബോഴും ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പാണെന്ന് പറയാറായിട്ടില്ല. ചില ഇനങ്ങളില്‍ ഫൈനലിലെത്തിയാല്‍ത്തന്നെ വലിയ നേട്ടമാകും. മെഡല്‍ മാത്രമല്ല, അടുത്ത വര്‍ഷം ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്സിനുള്ള യോഗ്യതയും അത്‌ലറ്റുകളുടെ ലക്ഷ്യമാകും.

1,500 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയായ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ ഈയിനത്തില്‍ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനാകും.