തൽക്കാലം അബുദാബിയിൽ ടോൾ നൽകേണ്ട; ജനുവരി ഒന്നു വരെ യാത്ര സൗജന്യം

അബുദാബി: ടോള്‍ ഗേറ്റുകളിലൂടെ യാത്ര ചെയ്ത് പണം നഷ്ടപ്പെടുമെന്ന് ആശങ്കയ്ക്ക് താൽകാലിക ആശ്വാസം. അബുദാബിയിൽ ഒക്ടോബർ 15 ന് തുടങ്ങാനിരുന്ന ടോൾ സംവിധാനം 2020 ജനുവരി ഒന്നു വരെ മരവിപ്പിച്ചു. നാലു ടോൾ ഗേറ്റുകളിലൂടെയുള്ള യാത്രകള്‍ക്ക് പണം ഈടാക്കില്ലെന്നും യാത്ര പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഇക്കാര്യത്തിൽ നേരത്തെ ആളുകൾ ആശങ്ക പങ്കുവച്ചിരുന്നു.
റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി റോഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒൻപത് വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയും ടോള്‍ ഗേറ്റ് കടന്നാല്‍ നാലു ദിര്‍ഹമും മറ്റു സമയങ്ങളിലും വാരാന്ത്യ പൊതു അവധി ദിവസങ്ങളിലും രണ്ടു ദിര്‍ഹമുമാണ് ടോള്‍ നിരക്ക് ഈടാക്കുക. ഒരു ദിവസം എത്ര തവണ ടോള്‍ ഗേറ്റ് കടന്നാലും ഈടാക്കുന്ന പരമാവധി തുക 16 ദിര്‍ഹമാണ്.

അതേസമയം, ടോള്‍ നല്‍കാതെ ഗേറ്റ് കടന്നാല്‍ മൊബൈലില്‍ സന്ദേശം ലഭിക്കും. നിയമലംഘകര്‍ അബുദാബി റജിസ്റ്റേര്‍ഡ് വാഹന ഉടമകളാണെങ്കില്‍ 5 ദിവസനത്തിനകവും ഇതര എമിറേറ്റ് വാഹനങ്ങള്‍ 10 ദിവസത്തിനകവും അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ടോളും പിഴയും അടച്ചിരിക്കണം. ആദ്യ തവണ 100, രണ്ടാം തവണ 200, മൂന്നാം തവണ 400 എന്നിങ്ങനെ പരമാവധി 10,000 ദിര്‍ഹം വരെ പിഴ ഈടാക്കും. അക്കൗണ്ടില്‍ മതിയായ തുകയില്ലാതെ ടോള്‍ ഗേറ്റ് കടക്കുന്ന ഇതര എമിറേറ്റ് വാഹനങ്ങള്‍ക്ക് ഒരു ദിവസത്തിന് 50 ദിര്‍ഹമാണ് പിഴ. പരമാവധി 10.000 ദിര്‍ഹം പിഴ ഈടാക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ്, പുതുവര്‍ഷ സമ്മാനമായി താല്‍ക്കാലിക ആശ്വാസമായത്.