കോഴിക്കോട് സ്വദേശികളായ മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കൾ ഖത്തറിൽ മരിച്ചു; കാരണം കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ അടിച്ചത്?

കോഴിക്കോട് സ്വദേശികളായ മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കൾ ഖത്തറിൽ മരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവിൽ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂർ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാൻ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണു മരിച്ചത്. മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഭക്ഷ്യവിഷബാധ എന്നാണ് മരണ കാരണമെന്ന് സംശയിക്കുന്നുണ്ട് അതേസമയം കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റിൽ അടിച്ചതാണോ കാരണമെന്നും പരിശോധിച്ചുവരികയാണ്.

രാവിലെ കുട്ടികൾ ഛർദിച്ചതിനെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്പതികളും ഇതിനിടയിൽ അവശരായി. കുട്ടികളുടെ മൃതദേഹം ഖത്തർ ഹമദ് ആശുപത്രിയിൽ. അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ നഴ്‌സും. ഷമീമയുടെ മാതാപിതാക്കളായ വാണിയൂർ മമ്മൂട്ടിയും ആയിശയും ഫറോക്കിൽനിന്നുള്ള ബന്ധുക്കളും ഇന്നലെ ഖത്തറിലേക്കു തിരിച്ചു.