മാതാപിതാക്കളെ ഇനി കുടുംബ വിസയില്‍ കൊണ്ടുവരാനാകില്ല; പുതിയ ഉത്തരവുമായി കുവൈത്ത്

പ്രവാസികള്‍ക്ക് തിരിച്ചടി നൽകി കുവൈത്ത് . കുവൈറ്റില്‍ ഇനി മുതല്‍ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല. പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് പുതിയ ഉത്തരവിറക്കി. പുതിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും.

അതേസമയം, മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് തടസ്സമില്ല. കുവൈറ്റില്‍ പ്രവാസികള്‍ക്ക് നേരത്തെ കുടുബ വിസയില്‍ മാതാപിതാക്കളെ കൊണ്ടു വരാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോള്‍ ഭേതഗതി വരുത്തിയത്.

മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരു മാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാര്‍ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരുമാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ഈ രണ്ട് വിഭാഗങ്ങളുടെയും കാലാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കില്ല. വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 കുവൈറ്റ് ദീനാര്‍ ശമ്ബളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദീനാര്‍ മതി.

നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ഭാര്യയെയും മക്കളെയും കുടുംബവിസയില്‍ കുവൈറ്റില്‍ കൊണ്ടുവരുന്നതിനും നിലനിര്‍ത്തുന്നതിനും തടസ്സമില്ല.