ഉറങ്ങുന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യക്കാരനായ യുവാവ് മറ്റൊരു ഇന്ത്യക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ് ദുബൈ പ്രാഥമിക കോടതിയിൽ; പ്രതി കൃത്യം നടത്തിയത് മദ്യലഹരിയില്‍ എന്ന് സൂചന

ഉറങ്ങുന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യക്കാരനായ യുവാവ് മറ്റൊരു ഇന്ത്യക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ് ദുബൈ പ്രാഥമിക കോടതിയുടെ പരിഗണനയില്‍. ഇവര്‍ കിടക്കുന്ന സ്ഥലത്തിന്റെ പേരിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. മദ്യലഹരിയിലാണ് പ്രതി കൃത്യം ചെയ്തതെന്ന് കോടതി രേഖകകളിലും പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തില്‍ നിറയെ അടിയേറ്റതിന്റെ ക്ഷതമുണ്ടെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ മര്‍ദനമാണ് മരണത്തിന് കാരണമായത്.

2019 ഓഗസ്റ്റ് 18ന് അല്‍ ഖുസ് വ്യവസായ മേഖലയ്ക്ക് സമീപത്തെ ഒരു മാളിന് പിന്നിലുള്ള യാര്‍ഡിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഞങ്ങള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും സെക്യൂരിറ്റിയോട് സംസാരിക്കുകയും ചെയ്തു. രാവിലെ ഒരു കാറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് സെക്യൂരിറ്റി പറഞ്ഞതായും’പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് കൈമാറുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ പ്രതിയായ ഇന്ത്യക്കാരന്‍ കുറ്റം സമ്മതിക്കുകയും നടന്ന കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ആയുധങ്ങള്‍ ഒന്നും ഉപയോഗിക്കാതെ കൈകൊണ്ട് മാത്രമാണ് മര്‍ദിച്ചത്. സംഭവസ്ഥലത്ത് സിസിടിവി ക്യാമറയോ ദൃക്‌സാക്ഷികളോ ഉണ്ടായിരുന്നില്ല. അര്‍ധരാത്രിയാണ് സംഭവം ഉണ്ടായതെന്നും പ്രതി പറഞ്ഞു.

‘സംഭവം നടന്ന അന്ന് രാത്രി പ്രതി യാര്‍ഡില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ ഇരയായ വ്യക്തി അടുത്ത് കിടക്കുന്നത് കണ്ടു. താന്‍ കിടക്കുന്നതിന്റെ അടുത്ത് കിടക്കരുതെന്ന് പ്രതി ഇയാളോട് മുന്‍പും പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ പ്രതി ഇന്ത്യക്കാരനെ മര്‍ദിക്കുകയായിരുന്നു’ എന്നും പൊലീസ് പറഞ്ഞു. ഇരയായ വ്യക്തിയെ മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നുവെന്നും പ്രതി സമ്മതിച്ചു. പിന്നീട് പ്രതി പിക്കപ്പ് ട്രക്കില്‍ പോയി കിടക്കുകയായിരുന്നു.

രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മറ്റു ജോലിക്കാര്‍ എല്ലാവരും ഇരയായ വ്യക്തിക്ക് ചുറ്റും കൂടിനില്‍ക്കുകയാണ് കണ്ടത്. ഇതോടെ അയാള്‍ മരിച്ചുവെന്ന് മനസിലാക്കിയ പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല മര്‍ദിച്ചതെന്നും താന്‍ ഉറങ്ങുന്ന സ്ഥലത്ത് കിടന്നതിന്റെ ദേഷ്യത്തില്‍ ചെയ്തതാണെന്നും പ്രതി പറഞ്ഞു.

കൊല്ലപ്പെട്ട വ്യക്തിയുടെ മുഖത്തും നെഞ്ചിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിക്കുള്ള ശിക്ഷ ഈ മാസം 28ന് വിധിക്കും.